നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പ് ആക്രമിച്ച് നാലംഗ സംഘം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സംഘം ആവശ്യപ്പെട്ട ഉറക്ക ഗുളികകൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ നല്കാതിരുന്നതിന്റെ പേരിലായിരുന്നു ആക്രമണം. മരകായുധങ്ങളുമായെത്തിയാണ് സംഘം പാതിരാത്രിൽ ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാര്‍മസിക്ക് നേരേ പുലര്‍ച്ചെ രണ്ടു മണിക്കാണ് ആക്രമണമുണ്ടായത്.
മെഡിക്കൽ സ്റ്റോറിന്റെ ഗ്ലാസ് വാതിൽ കല്ലും കട്ടയും കൊണ്ട് തകർക്കാനായി സംഘം ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകര്‍ത്തു. ലഹരിക്ക് അടിമയായ ആളുകൾ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് ഇന്നലെ വൈകീട്ടെത്തി സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകള്‍ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.