കിള്ളിയാർ കൈയേറ്റം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
തിരുവനന്തപുരം:ജഗതി, കാരക്കാട്, പാറച്ചിറയിലൂടെ സുഗമമായി ഒഴുകുന്ന കിള്ളിയാർ പകുതിയോളം ഭാഗം മണ്ണിട്ട് മൂടി 20 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കുന്നു.

ഇതുമൂലം മഴക്കാലത്ത് കിള്ളിയാർ കരകവിഞ്ഞൊഴുകി 200 ഓളം വീടുകൾ വെള്ളത്തിൽ മുങ്ങും.

ഇപ്പോൾ തന്നെ ഡാമുകൾ തുറക്കുമ്പോൾ കര കവിഞ്ഞ് കിള്ളിയാർ ഭാഗത്തുളള സ്ഥലവാസികൾക്ക് ദുരിതമുണ്ടാകുന്നു.

കിളളിയാറിന്റെ സമീപത്തു നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റുകാരെ സഹായിക്കാൻ ഇറിഗേഷൻ വിഭാഗവും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗവും ചേർന്നുള്ള ഒത്തുകളിയാണ് ഈ അനധികൃത റോഡ് നിർമ്മാണമെന്ന് അനന്തപുരി റസിഡൻസിലെ ജനങ്ങൾ ആശങ്കപ്പെടുന്നു.

ഈ ഭാഗത്തു താമസിക്കുന്ന ആർക്കും ഈ റോഡ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. പാരിസ്ഥിതിക വെല്ലുവിളി ഉയർത്തി കിള്ളിയാർ കയ്യേറി റോഡു പണിയുകയാണെങ്കിൽ സ്ഥലവാസികൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.