നരഭോജി കടുവയ്ക്കായി കൂടൊരുക്കി വനംവകുപ്പ്; തിരച്ചിൽ ഊർജിതം

Spread the love

വയനാട്: പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കുടുക്കാൻ കുങ്കി ആനകൾ എത്തും. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്.

പ്രിയദർശിനി എസ്റ്റേറ്റിന്റെ ഭാഗത്ത് കടുവ ഉണ്ട്. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നത് വരെ പട്രോളിങ് തുടരും, നിരീക്ഷണത്തിനായി 38 ക്യാമറകൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 6 ലൈഫ് സ്ട്രീം ക്യാമറകൾ കൂടി നിരീക്ഷണത്തിനായി പുതുതായി സ്ഥാപിക്കും.

പ്രാഥമിക പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിൽ കടുവയെ നിലനിർത്തിക്കൊണ്ട് പിടികൂടാൻ ഉള്ള ശ്രമം നടത്തുക. മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവയുടെ സാന്നിധ്യത്തെ തുടർന്നാണ് നടപടി.

വനം വകുപ്പ്‌ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ്‌ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയ സമയമാണ് രാധയെ കടുവ ആക്രമിച്ചത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *