ദില്ലി തണുത്ത് വിറയ്ക്കുന്നു, താപനില 11 ഡിഗ്രി; വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു
അതിശൈത്യത്തിൽ തണുത്ത് വിറങ്ങലിച്ച് രാജ്യ തലസ്ഥാനം. ദൃശ്യപരത ഇല്ലാത്തതിനാൽ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ പലതും വൈകി. മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയും കാരണം നഗര ഗതാഗതവും ട്രെയിൻ സർവീസുകളും വൈകി.
സമീപകാലത്തൊന്നും ഇല്ലാത്തവിധം താപനില താഴ്ന്നതാണ് ദില്ലിയെ അതിശൈത്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇന്നു രാവിലെ 11 ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ രേഖപ്പെടുത്തിയിട്ടുള്ള താപനില.
കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) പുതുക്കിയ അറിയിപ്പ് അനുസരിച്ച് ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. ദില്ലിയ്ക്കു പുറമെ വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ, ഉത്തർപ്രദേശിലെ പലയിടങ്ങളിലും സമാന രീതിയിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും രാജ്യ തലസ്ഥാനത്തും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലും അതിശൈത്യം തുടരും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.