ചോദ്യപേപ്പർ ചോർച്ച; എം എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്
പത്താം ക്ലാസ് പ്ലസ് വൺ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ എം എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. എം എസ് സൊലൂഷൻ ജീവനക്കാരെയും ചോദ്യം ചെയ്തേക്കും.
സ്ഥാപന ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിൽ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷയും നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. കോഴിക്കോട് എസ്പി കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമികമായുള്ള അന്വേഷണത്തിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് ചോദ്യ പേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എം എസ് സൊല്യൂഷൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പുൾപ്പെടെയുള്ള ഏഴ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.