കെ-സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല 
പഞ്ചായത്തുകളിലും

Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ-സ്മാർട്ട്. 20.37 ലക്ഷം ഫയലുകളാണ് ഇതുവരെ കെ സ്മാർട്ട് വഴി തീർപ്പുകൽപ്പിച്ചിരിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങൾക്ക്‌ സേവനം ലഭ്യമാക്കുന്ന കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ജനുവരി ഒന്നുമുതലായിരുന്നു സംസ്ഥാനത്തെ നഗരസഭകളിൽ കെ-സ്മാർട്ടിന്റെ സേവനം ലഭ്യമായത്. ഇതിനകം തന്നെ കെ-സ്മാർട്ട് വഴി 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്‌. ഇതിൽ 74.6 ശതമാനവും തീർപ്പാക്കി. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാനും സൗകര്യമുണ്ട്‌.

ത്രിതല പഞ്ചായത്തുകളിലേക്ക് കെ-സ്മാർട്ടിന്റെ സേവനം എത്തുന്നതിന് മുമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ പൈലറ്റ് റൺ നടക്കും.

നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്‌റ്റ്‌വെയറുകളും വികസിപ്പിച്ചത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *