ലൈഫ് മിഷൻ കോഴ ഇടപാട് : ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നില്‍ എത്തിയിരുന്നെങ്കിലും, അഴിമതി നിരോധന നിയമപ്രകാരമുള കേസല്ലാത്തതിനാല്‍ പരിഗണിച്ചിരുന്നില്ല.റിമാന്‍ഡില്‍ കഴിയുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ജയിലില്‍ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ് അറിയിച്ചു. കര്‍ണാടക പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ബെംഗളൂരു കെ ആര്‍ പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജേഷ് പിള്ള താമസിച്ച ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു.ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് വിശദീകരണം. സ്വപ്നയുടെ പരാതിയില്‍ വിജേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെടും. ഭീഷണി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് വിജേഷിന് പൊലീസ് മുന്നറിയിപ്പ് നല്‍കും. കൂടിക്കാഴ്ച നടന്ന ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തു. വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പൊലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *