യുഎഇ സ്വദേശിവത്ക്കരണ നിയമം; നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ

Spread the love

യുഎഇ സ്വദേശിവത്ക്കരണ നിയമത്തിലെ വാർഷിക ലക്ഷ്യമായ 2 % ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി.

അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു.

40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി ഒന്നുമുതൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ ഈടാക്കും. ഇതനുസരിച്ച് ഡിസംബർ 31ഓടെ മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6 % സ്വദേശിവത്ക്കരണം പൂർത്തിയാക്കണം. 2026 ഡിസംബറോടെ 10% സ്വദേശിവത്ക്കരണമാണ് ലക്ഷ്യം.

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവന്ന മൂന്ന് വർഷങ്ങൾക്കുള്ളിൽ 96,000 സ്വദേശി പൗരൻമാർ ജോലിയിൽ പ്രവേശിച്ചതായാണ് കണക്കുകൾ.മാനവ വിഭവ ശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 170 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *