നടൻ മേഘനാദന് വിട…

Spread the love

സിനിമ – സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന നടൻ മേഘനാദൻ അന്തരിച്ചു. 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാദൻ.

അച്ഛനെ പോലെ വില്ലൻ വേഷങ്ങളിലൂടെയായിരുന്നു മേഘനാദനും ശ്രദ്ധിക്കപ്പെട്ടത്. ‘ഈ പുഴയും കടന്നി’ലെ ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ സഹോദരിമാരെ ഉപദ്രവിക്കുന്ന രഘുവും, ‘ഒരു മറവത്തൂർ കനവി’ലെ ഡ്രൈവർ തങ്കപ്പനും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയുമെല്ലാം മേഘനാദൻ അവിസ്മരണീയമാക്കിയ വില്ലൻ കഥാപാത്രങ്ങളാണ്. നായകന്മാർക്കൊപ്പം ഒപ്പത്തിനൊപ്പം നിന്ന് ആസ്വാദകനീൽ ഭീതി സൃഷ്ടിക്കാൻ തനിക്ക് ലഭിച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ മേഘനാദന് സാധിച്ചിരുന്നു.

വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്റ്റർ റോളുകളിലേക്ക് ചുവടുമാറ്റം നടത്തിയപ്പോൾ തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാനും മേഘനാദന് സാധിച്ചിരുന്നു. ‘ആക്ഷൻ ഹീറോ ബിജു’വിലെ രാജേന്ദ്രൻ എന്ന കഥാപാത്രം ഒരു വിങ്ങലുപോലെ ആസ്വാദകന്റെ ഹൃദയത്തിലിടം പിടിക്കുന്നത് അദ്ദേഹത്തിന്റെ ആഭിനയനികവിന്റെ സാക്ഷ്യമാണ്.

‘സൺ‌ഡേ ഹോളിഡേ’യിലെ എസ്ഐ ഷഫീക്ക്, ‘ആദി’യിലെ മണി അണ്ണൻ, ‘കൂമനി’ലെ എസ്ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മേഘനാദന്റെ മരണം. 60 വയസായിരുന്നു. 50 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 40 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *