അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാന്‍ ഗൗതം അദാനി
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാന്‍ ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂര്‍ണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സോപ്പും എണ്ണയും ഹാന്‍ഡ്‌വാഷും അരിയും കല്‍ക്കരിയും വൈദ്യുതിയും വില്‍ക്കുന്നത് മുതല്‍ റോഡ് നിര്‍മാണം, വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിര്‍മാണവും നിയന്ത്രണവും വരെ നിര്‍വഹിക്കുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയര്‍മാനാകാന്‍ കൂടുതല്‍ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവില്‍ അദാനി പോര്‍ട്‌സ് മാനേജിങ് ഡയറക്ടറുമായ കരണ്‍ അദാനിക്കാണ്.ഇളയ മകന്‍ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗര്‍ അദാനി എന്നിവരും താക്കോല്‍സ്ഥാനങ്ങളിലേക്ക് എത്തിയേക്കും. അനന്തരവകാശം തുല്യമായി ഇവരിലേക്ക് കൈമാറുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ജീത് അദാനി നിലവില്‍ അദാനി എയര്‍പോര്‍ട്‌സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീന്‍ എനര്‍ജിയുടെ എസ്‌കിക്യുട്ടീവ് ഡയറക്ടറാണ് സാഗര്‍ അദാനി. ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിര്‍ണായക തീരുമാനങ്ങള്‍ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കള്‍ നേരത്തേ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികളുണ്ടായാല്‍ പരിഹരിക്കാനും പുതിയ പദ്ധതികളും നിക്ഷേപങ്ങളും ആസൂത്രണം ചെയ്യാനും ഇതേ രീതി തന്നെ തുടരും.ബിസിനസ് രംഗത്ത് വളര്‍ച്ചാസ്ഥിരത ഉറപ്പാക്കാന്‍ തലമുറമാറ്റം ഏറെ അനിവാര്യമാണെന്ന് ബ്ലൂബെര്‍ഗുമായുള്ള അഭിമുഖത്തില്‍ ഗൗതം അദാനി വ്യക്തമാക്കി. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയെന്ന റിപ്പോര്‍ട്ട് പുറത്തുന്നിരിക്കേയാണ്, ഗൗതം അദാനി തലമുറമാറ്റത്തെക്കുറിച്ച് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.ഗുജറാത്തിലെ അഹമ്മദാബാദില്‍ 1962 ജൂണ്‍ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. 1988ലാണ് അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരമായിരുന്നു ആദ്യം. നിലവില്‍ അടിസ്ഥാനസൗകര്യം, തുറമുഖം, വിമാനത്താവളം, വൈദ്യുതി വിതരണം, പുനരുപയോഗ ഊര്‍ജം, കല്‍ക്കരി ഖനനം, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും സാന്നിധ്യമുണ്ട്.കല്‍ക്കരി ഖനനത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അദാനി ഗ്രൂപ്പിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഗ്രൂപ്പിനെ ഏറ്റവുമധികം വലച്ചത് അമേരിക്കന്‍ നിക്ഷേപ-ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലര്‍മാരുമായ ഹിന്‍ഡെന്‍ബര്‍ഗ് തൊടുത്തുവിട്ട ആരോപണശരങ്ങളായിരുന്നു. വിദേശത്ത് കടലാസ് കമ്പനികള്‍ സ്ഥാപിച്ച്, സ്വന്തം ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നും ആ ഓഹരികള്‍ ഈടുവച്ച് നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം.ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നെങ്കിലും ഗ്രൂപ്പ് ഓഹരികളുടെ വന്‍ വീഴ്ചയ്ക്ക് ആരോപണങ്ങള്‍ വഴിവച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നപട്ടം ചൂടിയ ഗൗതം അദാനിക്ക്, അതോടെ ആ നേട്ടങ്ങളും നഷ്ടമായി. എന്നാല്‍, പിന്നീട് കാലാവധിക്ക് മുമ്പ് കടങ്ങള്‍ തിരിച്ചടച്ച് ബാലന്‍ഷീറ്റ് മെച്ചപ്പെടുത്തിയും പുത്തന്‍ നിക്ഷേപ പദ്ധതികളിലൂടെയും ഉപയോക്തൃ, നിക്ഷേപക വിശ്വാസം ഏറെക്കുറെ വീണ്ടെടുക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 11,000 കോടി ഡോളര്‍ (9.21 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്ത് 12-ാം സ്ഥാനത്താണ് ഗൗതം അദാനി. 11,300 കോടി ഡോളര്‍ (9.46 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനിയാണ് തൊട്ടുമുന്നില്‍ 11-ാം സ്ഥാനത്ത്.എസിസി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അംബുജ സിമന്റ്, എന്‍ഡിടിവി എന്നിവയാണ് അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികള്‍.