വീടിനുള്ളിൽ പാകിസ്ഥാനെ പുകഴ്‌ത്തി പോസ്റ്റർ പതിച്ചയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

Spread the love

ന്യൂഡൽഹി: വീടിനുള്ളിൽ പാകിസ്ഥാനെ പുകഴ്‌ത്തി പോസ്റ്റർ പതിച്ചയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്. ഡൽഹിയിലെ രോഹിണി മേഖലയിലെ ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്നയാളാണ് ഫ്ലാറ്റിനുള്ളിലെ ചുമരിൽ പാകിസ്ഥാനെ പുകഴ്ത്തിയുള്ള പോസ്റ്റർ പതിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ അയൽക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.രോഹിണിയിൽ അവന്തിക സി സെക്‌ടറിലുള്ള ഫ്ളാറ്റിൽ പാകിസ്ഥാനെ പ്രകീർത്തിച്ചുള്ള വാക്കുകൾ എഴുതിയിരിക്കുന്നതായി പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം പൊലീസ് സ്ഥിരീകരിച്ചു. വീട്ടിലെ താമസക്കാരൻ മാനസികമായി നല്ലനിലയിൽ അല്ലെന്നും ഫ്ളാറ്റിൽ തനിയെയാണ് താമസമെന്നും പൊലീസ് അറിയിച്ചു.ഇയാൾക്ക് പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ഇയാളുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്‌തു. അതേസമയം വിവാദമായ പോസ്റ്ററും ബാനറും പൊലീസ് ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. ഇന്ത്യ അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനം തുടരുന്ന സംഭവങ്ങൾക്കിടെയാണ് രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത്.കാർഗിൽ വിജയ വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നൽകിയതിനു തൊട്ടുപിന്നാലെ പാക് സൈനിക കമാൻഡോകളും ഭീകരരും ചേർന്ന് വടക്കൻ കാശ്മീരിൽ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചത് ദിവസങ്ങൾ മുൻപാണ്.മേജർ ഉൾപ്പെടെ നാലു സൈനികർക്ക് പരിക്കേറ്റിരുന്നു.കുപ്‌വാര ജില്ലയിൽ മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിലായിരുന്നു ആക്രമണം. പാക് സൈനികരും ഭീകരരും ഉൾപ്പെടുന്ന ബോർഡർ ആക്ഷൻ ടീം ( ബി. എ.ടി ) ആണ് ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഇന്ത്യൻ സൈന്യം വധിച്ചു. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരർ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *