ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം : ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന് .രാവിലെ 10.30 തോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. തുടർന്ന് തലസ്ഥാന നഗരി ഒരു യജ്ഞശാലയായി മാറും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം എന്നിവയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ . വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് നടക്കും. രാത്രി 11 മണിക്ക് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അടുത്തദിവസം രാവിലെ എട്ടുമണിയോടെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കും. തിങ്കളാഴ്ച രാത്രി 9.45 നാണ് കാപ്പഴിക്കൽ ചടങ്ങ്. പുലർച്ചെ 12.30 ന് നടത്തുന്ന ഗുരുതി തർപ്പണത്തോടെ ആറ്റുകാൽ ഉത്സവം സമാപനം കുറിക്കും.സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം . ഇവിടത്തെ പ്രധാന ഉത്സവമായി കരുതപ്പെടുന്നത് പൊങ്കാല മഹോത്സവമാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാലയെ കണക്കാക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളി രൂപത്തിലാണ് ദേവി ആറ്റുകാൽ കുടി കൊള്ളുന്നത് എന്നാണ് വിശ്വാസം. കൂടാതെ കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലാണ് ദേവി ഇവിടെ കുടി കൊള്ളുന്നതെന്നും വിശ്വാസമുണ്ട്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളാണ് പൊങ്കാല മഹോത്സവം. ഇതിൽ തന്നെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം ആണ് ആറ്റുകാൽ പൊങ്കാല നടത്തുന്നത്.