ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി
ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്നു രാത്രി ആരംഭിക്കുന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെയും തുടരും. ശിവരാത്രി ചടങ്ങുകള്‍ ഭംഗിയായി നടക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുണ്ട്.
ശിവരാത്രിയോടനുബന്ധിച്ചുള്ള പിതൃബലി തര്‍പ്പണത്തിനായി ഇന്നു വൈകുന്നേരം മുതല്‍ ആലുവ മണപ്പുറത്തേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തും. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി 116 ബലിത്തറകള്‍ മണപ്പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.
രാത്രി 12നു ശിവരാത്രി വിളക്കിനും എഴുന്നള്ളിപ്പിനും ശേഷം ബലിതര്‍പ്പണം തുടങ്ങും. കുംഭമാസത്തിലെ വാവു ദിവസമായ നാളെയും ബലിതര്‍പ്പണ ചടങ്ങുകള്‍ നീളും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ആലുവയില്‍ ഉണ്ടാകും.
ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോയും, റെയില്‍വേയും കെഎസ്ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലുവ മണപ്പുറത്തു താല്‍ക്കാലിക നഗരസഭ ഓഫിസ്, പൊലീസ് കണ്‍ട്രോള്‍ റൂം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നു രാത്രി എട്ടുമണി മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗത ക്രമീകരണവും ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശിവരാത്രി ആഘോഷത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.