വാക്ക് പാലിച്ച് മുഹമ്മദ് റിയാസ്; അശോകനെ കാണാൻ മുച്ചക്ര വാഹനവുമായി മന്ത്രിയെത്തി

Spread the love

വടകര താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ വെച്ചാണ് നാദാപുരം സ്വദേശി അശോകൻ മന്ത്രി മുഹമ്മദ് റിയാസിനെ കാണുന്നത്. ഒരു മുച്ചക്ര സ്കൂട്ടറിന് വേണ്ടി ഏഴ് വർഷമായി ഓഫീസുകൾ കയറി ഇറങ്ങുന്ന അശോകൻ്റെ ജീവിത കഥ കേട്ട ഉടനെ മന്ത്രി മുഴവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി.

“എനിക്കും നിങ്ങൾക്കുമൊക്കെ നടക്കാൻ കാലുണ്ട്. അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി ഒരു വീൽചെയറിന് വേണ്ടി കയറിയിറങ്ങുന്നത്. എത്രയും വേഗത്തിൽ ഇടപെടണം. പരിഹാരമായില്ലെങ്കിൽ എന്നെ നേരിട്ട് വിളിക്കണം.” എന്ന മന്ത്രിയുടെ വാക്കുകൾ അശോകന് വലിയ ആശ്വാസവും പ്രതീക്ഷയും നൽകി. ഉദ്യോഗസ്ഥതല നടപടികളിൽ എന്തെങ്കിലും സങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ അശോകന് നേരിട്ട് ഒരു സ്കൂട്ടർ നൽകാം എന്നും മന്ത്രി പറഞ്ഞു.

“എത്രയും വേഗത്തിൽ ഇവർ ഇടപെടും. ഇവർ ചെയ്തിട്ടില്ലെങ്കിൽ നമുക്ക് നോക്കാട്ടോ.. ഇതിൽ നടന്നിട്ടില്ലെങ്കിൽ നമുക്ക് നേരിട്ടെന്തെങ്കിലും ചെയ്യാട്ടോ..” ഈ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ സ്കൂട്ടർ ലഭിക്കുന്നത് വരെ സമയം ഇല്ലാത്തതിനാൽ അശോകന്റെ ആവശ്യം മന്ത്രി നേരിട്ട് നിർവ്വഹിക്കുകയായിരുന്നു.

നാദാപുരത്ത് അശോകന്റെ വീട്ടിലെത്തിയ മന്ത്രി മുച്ചക്ര വാഹനം നേരിട്ട് കൈമാറി. അതിലിരുന്നുകൊണ്ട് ഒരുതവണ ഓടിച്ച് നോക്കാൻ ഒരുങ്ങിയ അശോകന് ഹെൽമെറ്റ് വെച്ച് കൊടുത്തതും മന്ത്രി തന്നെ. ഈ കരുതലിനും കൈത്താങ്ങിനും മനംനിറഞ്ഞ് നന്ദി പറയുകയാണ് അശോകൻ. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും മൈജി സ്ഥാപനത്തിൻ്റെ ഉടമയുമായ ഷാജിയാണ് സ്കൂട്ടർ സ്പോൻസർ ചെയ്തത്. നാദാപുരം എംഎൽഎ ഇ കെ വിജയനും കൂടെ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *