തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാലു പേർക്കാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരില്ല.മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയുമാണ് ചെയ്യുക. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. നേരത്തേ കോഴിക്കോട്ട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിൽസയിലിരുന്ന വിദ്യാർഥി രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. ഇന്ത്യയിലാദ്യമായിട്ടായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചയാൾ രോഗമുക്തി നേടിയത്.