ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അര്‍ജുന്റെ വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും കലക്ടര്‍ പറഞ്ഞു. സ്ഥലത്തിന്റെ മുന്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ നാവികസേന എത്തിച്ചു. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലും തുടരുകയാണ്.150 അടിയോളം ഉയരത്തില്‍നിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോള്‍ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. ടണ്‍ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞുവീണപ്പോള്‍ ലോറി അടിയില്‍ പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മണ്‍കൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാര്‍ സിഗ്‌നല്‍ സംവിധാനം വെള്ളത്തില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതല്‍ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പരിശോധനയില്‍ ലോറി പുഴയില്‍ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണു പ്രതീക്ഷ.