മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. പ്രത്യേക പദവിയെന്ന ആവശ്യം സഖ്യകക്ഷി സര്‍ക്കാരുകള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായക ചോദ്യമാണ്.സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ നടപടികളും പുതിയ സര്‍ക്കാരിന്റെ ബജറ്റിലുണ്ടാകുമെന്നാണ് ഇക്കുറി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്പതി ദ്രൗപദി മുര്‍മ്മു വ്യക്തമാക്കിയത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പൊതു ജനങ്ങളെയും ഒരു പോലെ പ്രതീപ്പെടുത്തണമെന്നതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തുമോയെന്നതാണ് പ്രധാന ചോദ്യം. ജിഎസ്ടി നിരക്കുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലക്കും ചെറുകിട വ്യാപാര മേഖലക്കും കൂടുതല്‍ പിന്തുണ നല്‍കിയേക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴിലവസരം കൂട്ടേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ ഇന്ത്യയെന്ന മുദ്രാവാക്യത്തിന് ശക്തി പകരാനുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും.കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്കുന്ന ആറായിരം രൂപയുടെ ധനസഹായം എണ്ണായിരം ആയി എങ്കിലും ഉയര്‍ത്തണം എന്ന വികാരം ബിജെപി സംസ്ഥാന ഘടകങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ജെഡിയു, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ കക്ഷികള്‍ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദവി ആവശ്യപ്പെട്ടു കഴിഞ്ഞു. തെരഞ്ഞടെുപ്പില്‍ കാലിടറിയതിന്റെ ക്ഷീണം കൂടി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉറപ്പാകുമ്പോള്‍ സഖ്യകക്ഷികളെ പിണക്കാതെ മുന്‍പോട്ട് പോകാനുള്ള മെയ് വഴക്കവും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഏഴാമത് ബജറ്റിനുണ്ടാകുമോയെന്നറിയാന്‍ കാത്തിരിക്കാം.രണ്ടു ലക്ഷം കോടിയുടെ ഡിവിഡന്റാണ് റിസര്‍വ്വ് ബാങ്ക് സര്‍ക്കാരിന് കൈമാറിയത്. അതായത് ഒന്നുകില്‍ ധനകമ്മി കുറയ്ക്കാം. അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാരിന് കൂടുതല്‍ പണം കൈമാറാം. ആയുഷ്മാന്‍ പദ്ധതി 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉറപ്പാക്കാനുള്ള പ്രഖ്യാപനം വന്നേക്കാം. ആദായ നികുതിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് മധ്യവര്‍ഗ്ഗം ഉറ്റുനോക്കുന്നത്.പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറുന്നവര്‍ക്കുള്ള ആനുകൂല്യം കൂട്ടിയേക്കാം. കോര്‍പ്പറേറ്റ് നികുതി കുറച്ച് നിക്ഷേപം കൂട്ടുക എന്ന നയം കൊണ്ട് കാര്യമുണ്ടാകുന്നില്ല എന്നാണ് തൊഴിലവസരങ്ങള്‍ കുറയുന്നതിലൂടെ തെളിയുന്നത്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ സൗജന്യങ്ങള്‍ പൂര്‍ണ്ണമായും വേണ്ടെന്നു വച്ചേക്കില്ല. എന്നാല്‍ ഇടക്കാല ബജറ്റില്‍ നിന്ന് വന്‍ മാറ്റമൊന്നും പുതിയ ബജറ്റില്‍ പ്രതീക്ഷിക്കേണ്ട എന്ന സന്ദേശമാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്നത്.