പൊതുതിരഞ്ഞെടുപ്പ് :ജീവനക്കാർ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യണം
2024 പാർലമെന്റ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് order.ceo.kerala.gov.in വെബ്‌സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പരും ഒ.ടി.പിയും ഉപയോഗിച്ച് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യം ലഭ്യമാണ്. ഒന്നാംഘട്ട പരിശീലനത്തിനായി എത്തിച്ചേരുന്ന പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (പാർട്ട് നമ്പർ), ക്രമ നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്ത ഫാറം നമ്പർ 12 & 12എ എന്നിവ കൃത്യമായി പൂരിപ്പിച്ച്, വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാക്കണം. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുളള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത പോളിംഗ് ഓഫീസർമാരായി നിയമിച്ച ഉദ്യോഗസ്ഥർ 12 & 12എ ഫാറങ്ങളിൽ കൃത്യമായ വിവരങ്ങൾ ചേർത്ത്, വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് എന്നിവ സഹിതം ഏപ്രിൽ അഞ്ചിനകം അതത് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ എത്തിക്കണം. 12 & 12എ ഫാറങ്ങൾ trivandrum.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.