മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കപ്പലടിച്ചു : അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു

Spread the love

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ വള്ളം ഉടമ ക്ലീറ്റസ്(45), സെല്‍വന്‍(42), മരിയാദസന്‍(42), ജോണ്‍(43), ആന്‍ഡ്രൂസ്(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ മുഖത്തും വയറ്റിലും ആഴത്തില്‍ പരിക്കേറ്റ ആന്‍ഡ്രൂസിന്റെ നില ഗുരുതരമാണ്.ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി പിളര്‍ന്ന് കടലിലേക്കു മറിയുകയും ചെയ്തു. കപ്പലിടിച്ച് വള്ളത്തില്‍നിന്നു കടലിലേക്കു വീണ തൊഴിലാളികള്‍ കാത്തുകിടന്നത് ഒരു മണിക്കൂറോളം. ഈ സമയം അതുവഴി വള്ളത്തിലെത്തിയ വിഴിഞ്ഞം സ്വദേശികളാണ് ഇവര്‍ക്കു രക്ഷയായത്. പരിക്കേറ്റവരെ പിന്നീട് വിഴിഞ്ഞം തീരത്തെത്തിച്ചു.​ഗുരുതരമായി പരിക്കേറ്റ ആന്‍ഡ്രൂസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു തൊഴിലാളികള്‍ക്ക് കാലുകള്‍ക്കും കൈകള്‍ക്കും ഒടിവും ചതവുമുണ്ട്. ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം തീരത്തുനിന്നാണ് ഇവര്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിനു പോയത്. ശനിയാഴ്ച രാവിലെ കരയിലേക്കു മടങ്ങുമ്പോഴാണ് കപ്പല്‍ച്ചാല്‍ കഴിഞ്ഞുള്ള ഭാഗത്തുെവച്ച് കപ്പലിടിച്ചത്. രാവിലെ 11.30-ഓടെയായിരുന്നു അപകടമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ചത് കണ്ടെയ്നര്‍ കപ്പലാണെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം.വിഴിഞ്ഞം സ്വദേശിയ ഫ്രാന്‍സിസിന്റെ വള്ളത്തിലെത്തിയ തൊഴിലാളികളായ ജെയിംസ്, ഡേവിഡ്, ജോണ്‍സണ്‍, ആന്റണി എന്നിവര്‍ ചേര്‍ന്നാണ് അഞ്ചുപേരെയും രക്ഷപ്പെടുത്തി വിഴിഞ്ഞം തീരത്തെത്തിച്ചത്. തുടര്‍ന്ന് വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്റിലും കോസ്റ്റല്‍ പോലീസിലും വിവരമറിയിച്ചു. വൈകീട്ട് അഞ്ചോടെ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുമെത്തി ഇവരെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.അതേസമയം, മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കോസ്റ്റ് ഗാര്‍ഡിന് അറിയിപ്പു നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ പറഞ്ഞ സമയത്ത് കടന്നുപോയ കപ്പലുകള്‍ ഏതാണെന്നു പരിശോധിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ ജി.ശ്രീകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *