പോലീസ് പീഡനത്തിനെതിരെ ബി ജെ പി യുടെ മാർച്ച് ഇന്ന്
തിരുവനന്തപുരം: പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ, വികസിത കേരളത്തിനായി പോലീസ് സേനയുടെ മാറ്റം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപിയുടെ പ്രതിഷേധ മാർച്ച്.ബിജെപിയുടെ 30 സംഘടനാ ജില്ലകളിലും എസ്.പി., ഡിവൈ.എസ്.പി. ഓഫീസുകളിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ ഫോർട്ട് AC ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എസിപി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സൗത്ത് ജില്ലയുടെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ്. സുരേഷ് ആണ്. കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, കണ്ണൂർ സൗത്ത് എന്നീ സംഘടനാ ജില്ലകളിൽ പതിനാറാം തീയതിയാണ് പ്രതിഷേധ മാർച്ച് നടക്കുക. സംസ്ഥാനത്തെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ കീഴിൽ കസ്റ്റഡി മർദ്ദനവും പീഡനവും നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്ന് ബിജെപി ആരോപിച്ചു. കാക്കി യൂണിഫോമിനുള്ളിൽ ക്രിമിനലുകൾ സാധാരണക്കാരെ പീഡിപ്പിക്കുമ്പോൾ സർക്കാർ കയ്യുംകെട്ടി നോക്കി നിന്നുകൊണ്ട് പോലീസുകാർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ്. പോലീസിലെ കാടത്തം അവസാനിപ്പിക്കുന്നതോടൊപ്പം വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റവും ആവശ്യപ്പെട്ടാണ് മാർച്ച്.