മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്‌നയെ ഉടൻ മയക്കുവെടി വയ്ക്കും
വയനാട്: മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്‌നയെ ഉടൻ മയക്കുവെടി വയ്ക്കും. നിലവിൽ, ചാലിഗദ്ധ ഭാഗത്തെ കുന്നിൻ മുകളിലാണ് ആന നിലയുറപ്പിച്ചരിക്കുന്നത്. ആർആർടി അകലമിട്ട് ആനയുടെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ആനയെ കുന്നിൻ മുകളിൽ നിന്ന് സുരക്ഷിതമായ ഒരിടത്തേക്ക് ഇറക്കുക എന്നതാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടർന്ന് മയക്കുവെടി വയ്ക്കുന്നതാണ്.പ്രദേശത്ത് ഇതിനോടകം രണ്ട് കുങ്കി ആനകളെ എത്തിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് പേരെ കൂടി ഉടൻ എത്തിക്കുന്നതാണ്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും, വെറ്റിനറി ഡോക്ടർമാരെയും ഉൾപ്പെടുത്തി ദൗത്യസംഘം വിപുലമാക്കിയിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് ആനയെ മയക്കുവെടി വയ്ക്കുക. നോർത്ത് സിസിഎഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ഇന്നലെ രാത്രി 10 മണിയോടെയാണ് പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചത്. 2 മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് 3 മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.