ഭക്ഷണം വൈകിയതിന് ഹോട്ടലില്‍ പരാക്രമം; പള്‍സര്‍ സുനി പിടിയിൽ, ജാമ്യവസ്ഥ ലംഘിച്ചത് കോടതിയെ അറിയിക്കും
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹോട്ടല്‍ ആക്രമിച്ച കേസില്‍ പിടിയിലായി. എറണാകുളം രായമംഗലത്ത് ഹോട്ടല്‍ ആക്രമിച്ചതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയ കേസ്. പള്‍സര്‍ സുനി ജാമ്യവസ്ഥ ലംഘിച്ച വിവരം പൊലീസ് കോടതിയെ അറിയിക്കും.
ഭക്ഷണം വൈകി എന്ന പേരിലായിരുന്നു രായമംഗലത്തെ ഹോട്ടലില്‍ പള്‍സര്‍ സുനി ആക്രമണം നടത്തിയത്. ഹോട്ടലിലെ ഗ്ലാസ്സുകള്‍ എറിഞ്ഞുടച്ചു എന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ ഉണ്ട്. നീയൊക്കെ ക്യാമറയില്ലാത്ത ഭാഗത്തേക്ക് വാടാ, നിന്നെയൊക്കെ ശരിയാക്കിത്തരാം എന്നായിരുന്നു പള്‍സര്‍ സുനിയുടെ ഭീഷണി. വധഭീഷണി മുഴക്കിയതായി എഫ് ഐ ആറില്‍ ഉണ്ട്. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ ബി എന്‍ എസ് 296 (ബി) 351 (2 )എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിക്ക് പിന്നാലെ പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജാമ്യവസ്ഥ പള്‍സര്‍ സുനി ലംഘിച്ചത് പൊലീസ് കോടതിയെ അറിയിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും.