കനത്ത മൂടൽമഞ്ഞ് : വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറായി

Spread the love

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. ദൃശ്യത വളരെ കുറവായതാണ് വിമാന സര്‍വ്വീസുകളെ ബാധിച്ചത്. തങ്ങള്‍ക്ക് പോകേണ്ട വിമാനത്തെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാന്‍ യാത്രക്കാര്‍ അതാത് വിമാന കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.ഡല്‍ഹിയിലെ ശരാശരി താപനില 9.4 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മൂടല്‍മഞ്ഞുമൂലം കാഴ്ച മങ്ങിയനിലയിലാണ്. പൂജ്യം മുതല്‍ 300 മീറ്റര്‍ വരെയാണ് ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലെ ദൃശ്യത. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.ഡല്‍ഹിയിലെ വായുഗുണനിലവാരവും (എ.ക്യു.ഐ) ആശങ്കാജനകമായ നിലയില്‍ തുടരുകയാണ്. ‘വളരെ മോശം’ വിഭാഗത്തിലാണ് നിലവിലെ വായുഗുണനിലവാരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള വിവരം പ്രകാരം ഡല്‍ഹിയിലെ നിലവിലുള്ള എ.ക്യു.ഐ. 400-ന് അടുത്താണ്.ഹൈദരാബാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. തങ്ങളുടെ ചില വിമാനങ്ങള്‍ തിരിച്ചുവിട്ടതായി വിസ്താര എയര്‍വേയ്‌സ് അറിയിച്ചു. ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.ബെംഗളൂരുവില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിസ്താരയുടെ യു.കെ. 897 വിമാനം ബെംഗളൂരുവിലേക്കുതന്നെ തിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യു.കെ.873 വിമാനവും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *