കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉച്ചക്ക് രണ്ട് മണിയോടെ തൃശൂരിലെത്തുo
തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ(12-3-2023) ഉച്ചക്ക് രണ്ട് മണിയോടെ തൃശൂരിലെത്തുo. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കും. ശോഭ സിറ്റിയിലെ ഹെലിപാഡിൽ ബിജെപി നേതാക്കൾ സ്വീകരിക്കും. ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ ആദ്യ പരിപാടിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. തൃശൂരിൻ്റെ ശിൽപി ശക്തനാണെങ്കിലും അദ്ദേഹത്തെ അർഹമായ രീതിയിൽ അംഗീകരിച്ചിട്ടില്ല. ശക്തൻ തമ്പുരാനെ തമസ്കരിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. തൃശൂരിൻ്റെ വികസനത്തിനും സാംസ്കാരിക പുരോഗതിക്കും അടിത്തറയിട്ട യാളെന്ന നിലക്കാണ് ശക്തനെ അനുസ്മരിക്കുന്നത്. മൂന്ന് മണിക്ക് തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ ബി ജെ പി ഭാരവാഹിയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. ജോയ് പാലസിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് തെക്കേ ഗോപുരനടയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ അര ലക്ഷം പേർ പങ്കെടുക്കുമെന്ന് എം.ടി.രമേശ് പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തും. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി ദൽഹിക്ക് മടങ്ങും. പത്രസമ്മേളനത്തിൽ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ.റോഷൻ എന്നിവരും പങ്കെടുത്തു.