നവകേരള സദസ്സ് :കഴക്കൂട്ടം മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരണം നവംബർ 10ന്

Spread the love

നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ആലോചനായോഗവും ഉപസമിതികളുടെ രൂപീകരണവും നടന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.സംഘാടകസമിതി രൂപീകരണം,സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം, ഉപസമിതി രൂപീകരണം,പ്രചാരണം, എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചെയർമാനും ജില്ലാ സപ്ലൈ ഓഫീസർ കൺവീനറുമായ സ്വാഗതസംഘത്തിൽ,മണ്ഡലത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് ഡിസംബർ 24 രാവിലെ 11 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.അയ്യായിരത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം നവംബർ 10 വൈകിട്ട് നാലിന് കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ നടത്താനും യോഗത്തിൽ തീരുമാനമായി. സ്വാഗതസംഘ രൂപീകരണത്തിനു ശേഷം വാർഡ് തല സംഘാടക സമിതി,വീട്ടുമുറ്റ യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്തു.നവകേരള സദസ്സിന്റെ ഭാഗമായി പ്രാഥമിക യോഗത്തിൽ രൂപീകരിച്ച ഉപസമിതികളിലേക്ക് എല്ലാ വകുപ്പുകളിൽ നിന്നും ഓരോ ഉദ്യോഗസ്ഥരെ വീതം കൺവീനറായും ജോയിന്റ് കൺവീനറായും തീരുമാനിച്ചു. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി,മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി,ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി,വോളന്റിയർ കം സെക്യൂരിറ്റി കമ്മിറ്റി,പ്രോഗ്രാം കമ്മിറ്റി,ഫിനാൻസ് കമ്മിറ്റി എന്നിങ്ങനെ വിപുലമായ ഉപസമിതിയ്ക്ക് യോഗത്തിൽ രൂപം നൽകി. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം മണ്ഡലത്തിലെ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഫ്‌ളാഷ് മോബ്,തെരുവ് നാടകങ്ങൾ,വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ നിർദേശിച്ചു. പരിപാടിയുടെ നടത്തിപ്പിനായുള്ള ബഡ്ജറ്റ്, ഉപസമിതിയിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത് എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഒക്ടോബർ 31 ന് ചേരുന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം.എൽ. എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *