ലിവിങ് ടുഗെദര്‍ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

ന്യൂഡല്‍ഹി: ലിവിങ് ടുഗെദര്‍ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് 11 കാരനായ ദിവ്യാന്‍ഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24കാരിയായ പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യാന്‍ഷിന്റെ പിതാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൂജ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.പൂജാ കുമാരിക്ക് കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും 2019മുതല്‍ ലിവിങ് റിലേഷനും ആരംഭിച്ചു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ജിതേന്ദ്ര വിട്ടുപോയത് പൂജയില്‍ പ്രതികാരമുണ്ടാക്കുകയും മകനാണ് ജിതേന്ദ്ര തന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്ന് കരുതുകയും ചെയ്തു. ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീടിന്റെ വിലാസം കണ്ടുപിടിച്ച് പൂജ അവിടെയെത്തി. വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നതും കുട്ടി കട്ടിലില്‍ ഉറങ്ങുന്നതും കണ്ടു.വീട്ടില്‍ ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല. ഉറങ്ങുന്ന കുട്ടിയെ പൂജ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ബോക്‌സിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ദില്ലി പൊലീസിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. എന്നാല്‍ വീടുമായി ബന്ധമില്ലാത്തതിനാല്‍ യുവതിയെ ഉടന്‍ പിടികൂടാനായില്ല.തുടര്‍ന്ന്, നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രണ്‍ഹോല, നിഹാല്‍ വിഹാര്‍, റിഷാല്‍ ഗാര്‍ഡന്‍ തുടങ്ങി ഇന്ദര്‍പുരിയിലെയും സമീപ പ്രദേശങ്ങളിലെയും 300-ഓളം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. യുവതി ഒളിത്താവളം ഇടക്കിടെ മാറ്റുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഒടുവില്‍ തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ പൊലീസ് വലയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *