പാര്‍ട്ടിനേതാക്കളുടെ മക്കളുടെ കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

Spread the love

കണ്ണൂര്‍: പാര്‍ട്ടിനേതാക്കളുടെ മക്കളുടെ കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വെക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നേതാക്കളുടെ മക്കളെല്ലാം സജീവപാര്‍ട്ടിക്കാര്‍ ആകണമെന്നില്ല. വ്യവസായരംഗത്തടക്കം പ്രവര്‍ത്തിക്കുന്നവരും പലവിധ സ്ഥാപനങ്ങള്‍ നടത്തുന്നവരുമുണ്ട്. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ല -എം.വി. ഗോവിന്ദന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിക്ക് അവ്യക്തതയില്ല. സി.പി.എം. നേതാക്കളുടെ മക്കള്‍ക്കുനേരെ ആക്ഷേപംവന്നാല്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുണ്ട്. നേരത്തേ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോഴും ആ നിലപാടാണ് എടുത്തത്. അതാണ് ഇപ്പോഴത്തെയും നിലപാട് -മുണ്ടയാട് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനംചെയ്യവേ എം.വി. ഗോവിന്ദന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകള്‍ പണ്ടുമുതല്‍ക്കേ ഐ.ടി. കമ്പനി നടത്തുന്നുണ്ട്. രണ്ടു കമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രചാരണം. സേവനം കിട്ടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. സേവനം നല്‍കിയിട്ടുണ്ടെന്ന് കൊടുത്തവരും പറയുന്നു. എന്നിട്ടും വിവാദങ്ങളുണ്ടാക്കാനാണ് നോക്കുന്നത്. വീണയുടെ ഭര്‍ത്താവും പാര്‍ട്ടി സെക്രട്ടേറിയറ്റംഗവുമായ മന്ത്രി റിയാസിന്റെ സത്യവാങ്മൂലമാണ് പുതിയ കള്ളപ്രചാരവേലയ്ക്ക് ആയുധമാക്കുന്നത്. റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലല്ലോ. എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ക്ക് പ്രശ്‌നമാണ് -എം.വി. ഗോവിന്ദന്‍ പറഞ്ഞു.വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്നും കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ടു കമ്പനികള്‍ തമ്മിലാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വാങ്ങിയ പണത്തിന് സേവനം ലഭിച്ചിട്ടുണ്ടെന്നും അത് നല്‍കിയിട്ടുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന കരാര്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ അവര്‍ക്ക് അവകാശമില്ല- എം.വി. ഗോവിന്ദന്‍ ചോദിച്ചു.‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ആ കമ്പനിയുടെ പേര് പറഞ്ഞ് വലിയ രീതിയിലുള്ള ആക്ഷേപം ഉണ്ടാക്കാനാണ് ശ്രമം. അത് അവസാനിപ്പിച്ചപ്പോള്‍ മറ്റൊന്നാണ് പറയുന്നത്. പി.എ. മുഹമ്മദ് റിയാസ് സത്യവാങ്മൂലം കൊടുത്തതില്‍ തെറ്റുണ്ട് എന്നാണ് ആക്ഷേപം. അത് പരിശോധക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഒന്നും മറച്ചുവെക്കാനില്ല. നിലപാടുണ്ട്, മൗനമില്ല. എല്ലാം വിശദീകരിച്ചു തന്നെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്’ – എം.വി. ഗോവിന്ദന്‍ പറഞ്ഞു.പ്രധാനപ്പെട്ട പാര്‍ട്ടി നേതാക്കന്മാരുടേയും മന്ത്രിമാരുടേയും മക്കളെ പറ്റി എന്തെങ്കിലും ആക്ഷേപം ഉണ്ടായാല്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിഷയം വന്നപ്പോള്‍ പാര്‍ട്ടി എടുത്ത നിലപാട് തന്നെയാകും ബാധകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *