മുതിർന്ന തലമുറയ്ക്ക് സന്തോഷവും സമാധാനവും നൽകാൻ ഹാപ്പിനസ് പാർക്കിനാകും : മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം : തിരക്കിട്ട ജീവിതത്തിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന തലമുറയ്ക്ക് സന്തോഷവും സമാധാനവും നൽകാൻ ഹാപ്പിനസ് പാർക്കുകൾക്ക് കഴിയുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നെയ്യാറ്റിൻകര മണലൂർ കാവുവിള പാലത്തിന് സമീപം നെയ്യാറ്റിൻകര നഗരസഭ നിർമിച്ച ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുതിർന്ന തലമുറയുടെ അറിവും അനുഭവസമ്പത്തും സ്നേഹവുമാണ് ഓരോ കുടുംബത്തിൻ്റെയും കരുത്ത്. ഒറ്റപ്പെട്ടുപോകുന്ന മുതിർന്നവർക്ക് ഒത്തുകൂടാനും സന്തോഷം പങ്കുവയ്ക്കാനും വ്യായാമം ചെയ്യാനും ഹാപ്പിനസ് പാർക്ക് വഴി സാധിക്കും.വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് ഒരു നാടിന്റെ കടമയാണ്. ആ കടമ നെയ്യാറ്റിൻകര നഗരസഭ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. പാർക്ക് ഏറ്റവും ഭംഗിയായി പരിപാലിക്കാനും ഇവിടെയെത്തുന്ന മുതിർന്ന പൗരന്മാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും നഗരസഭയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.നെയ്യാറ്റിൻകര നഗരസഭ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുന്നിലാണെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ. ആൻസലൻ എംഎൽഎ പറഞ്ഞു. എത്രയും വേഗം പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം യാഥാർഥ്യമാകും. നഗരസഭ പെരുമ്പഴുതൂർ പ്ലാവിള വാർഡിൽ മലഞ്ചാണിയിൽ നിർമിക്കുന്ന പൊതുശ്‌മശാനം ഒക്ടാബർ 15നകം പണി പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.നെയ്യാറ്റിൻകര മണലൂർ കാവുവിള പാലത്തിന് സമീപം നഗരസഭയുടെ 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാപ്പിനസ് പാർക്ക് യാഥാർഥ്യമാക്കിയത്. കാടുപിടിച്ചുകിടന്ന പ്രദേശത്ത് മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ നാട്ടുകാരുടെ പരാതിയിൽ പരിഹാരമായാണ് നഗരസഭ ഹാപ്പിനസ് പാർക്ക് എന്ന പദ്ധതി നടപ്പാക്കിയത്.യോഗത്തിൽ നഗരസഭാ ചെയർമാൻ പി. കെ രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *