വെള്ളപ്പൊക്കത്തെ തുടർന്ന് ഓടിക്കയറിയ ആട്ടിൻകൂട്ടം 100 കിലോ കഞ്ചാവ് തിന്നു
ഏഥൻസ്: വെള്ളപ്പൊക്കത്തെ തുടർന്ന് ഓടിക്കയറിയ ആട്ടിൻകൂട്ടം 100 കിലോ കഞ്ചാവ് തിന്നു. മധ്യ ഗ്രീസിലെ അൽമിറോസ് എന്ന നഗരത്തിലാണ് സംഭവം. പ്രദേശത്തെ ഗ്രീൻ ഹൗസിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരമാണ് ആട്ടിൻകൂട്ടം ഭക്ഷണമാക്കിയത്. കൊടുങ്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായതോടെയാണ് ആടുകൾ കഞ്ചാവ് സൂക്ഷിച്ചിരുന്ന ഫാം ഹൗസിൽ കയറിയത്.മധ്യ ഗ്രീസിൽ ആഞ്ഞടിച്ച ഡാനിയൽ കൊടുങ്കാറ്റ് തെസ്സലിയ, മഗ്നീസിയ എന്നിവടങ്ങളിൽ കനത്ത നാശമാണ് വിതച്ചത്. കൊടുങ്കാറ്റിന് പിന്നാലെ ശക്തമായ മഴയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശത്തെ പുൽമേടുകൾ നശിച്ചു. ഇതോടെയാണ് ഭക്ഷണം തേടിയെത്തിയ ആടുകൾ കൂട്ടമായി അൽമിറോസിലെ ഒരു ഫാം ഹൗസിൽ കയറിയത്. മരുന്ന് നിർമാണത്തിനായി വളർത്തിയിരുന്ന നൂറുകിലോ കഞ്ചാവ് ശേഖരിച്ചിരുന്നു. ഇവയാണ് ആടുകൾ ഭക്ഷണമാക്കിയത്.ആടുകളെ സുരക്ഷിതമായ സ്ഥലത്താണ് എത്തിച്ചിരുന്നതെന്നും മോശം കാലാവസ്ഥയെ തുടർന്ന് ആടുകൾ ഫാമിൽ പ്രവേശിക്കുകയായിരുന്നുവെന്നുമാണ് ആടുകളെ പരിപാലിച്ചിരുന്നയാൾ വ്യക്തമാക്കുന്നത്.കഞ്ചാവ് ഭക്ഷണമാക്കിയ ആടുകൾ വ്യത്യസ്തമായ രീതിയിലാണ് പെരുമാറിയതെന്ന് ഫാം ഉടമ യാനിസ് ബൗറൂണിസ് വ്യക്തമാക്കിയതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് താനുള്ളത്. മോശം കാലാവസ്ഥയെത്തുടർന്ന് കഞ്ചാവ് ഉൽപാദനം മോശമായിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷി നശിക്കുകയും ചെയ്തു. ഇതിനിടെയാണ് ആട്ടിൻകൂട്ടം എത്തുകയും ഫാമിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ഭക്ഷണമാക്കിയതും. എന്താണ് ഈ ഘട്ടത്തിൽ പറയേണ്ടതെന്ന് അറിയില്ലെന്ന് യാനിസ് ബൗറൂണിസ് പറഞ്ഞു.മോശം കാലാവസ്ഥയിൽ കൃഷി നശിച്ചതിന് പിന്നാലെയാണ് ഫാമിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും നഷ്ടമായതെന്ന് യാനിസ് ബൗറൂണിസ് കൂട്ടിച്ചേർത്തു. മരുന്ന് നിർമാണത്തിനാവശ്യമായ കഞ്ചാവ് വളർത്താൻ ലൈസൻസ് നേടിയ വ്യക്തിയാണ് ബൗറൂണിസ്. 2017 മുതൽ ഔഷധ ആവശ്യങ്ങൾക്കായി ഗ്രീസിൽ കഞ്ചാവ് നിയമവിധേയമാണ്. ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ മരുന്ന് നിർമാണത്തിനായി കഞ്ചാവ് വളർത്താൻ സാധിക്കും. പ്രത്യേക ലൈസൻസുള്ളവർക്ക് മാത്രമാണ് അനുമതി ലഭിക്കുക. ഉറുഗ്വേയ്ക്ക് ശേഷം കഞ്ചാവ് പൂർണ്ണമായും നിയമവിധേയമാക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി കാനഡ മാറിയിരുന്നു