ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ
ന്യൂഡൽഹി: ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ പങ്കെടുക്കുന്നത്. ഇത്തവണ വനിതകൾ മാത്രമായിരിക്കും കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും നയിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരുണ്ടാകുമെന്നാണ് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.പരേഡിനെ നയിക്കുക അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്നാണ്. 144 വനിതാ ബിഎസ്എഫ് കോൺസ്റ്റബിൾമാർ പരേഡിലുണ്ടാകും. പങ്കെടുക്കുന്ന വനിതകളിൽ 27 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ജമ്മു കശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നുമായി 10 പേരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 12 പേരുമുണ്ട്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ.വലിയ അവസരമാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് വനിതാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സേനയ്ക്ക് വേണ്ടി ചരിത്രം സൃഷ്ടിക്കാൻ പോകുന്നതിൽ അഭിമാനമുണ്ടെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. 72 അംഗ ബ്രാസ് ബാൻഡ് സംഘവും റിപ്പബ്ലിക് ദിനത്തിലെത്തും. ബാൻഡ് മാസ്റ്ററിനും രണ്ട് അസിസ്റ്റന്റ് ബാൻഡ് മാസ്റ്റേഴ്‌സിനുമൊപ്പമാണ് ഇവർ എത്തുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നാണ് ബിഎസ്എഫിന്റെ 25-ാം ബറ്റാലിയൻ കമാൻഡന്റ് കമൽ കുമാർ അറിയിച്ചത്.