മലപ്പുറത്തിനെതിരായ വംശീയാധിക്ഷേപം: മന്ത്രി എം ബി രാജേഷ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം- പി ജമീല

Spread the love

തിരുവനന്തപുരം: മലപ്പുറത്തിനെതിരായി വംശീയാധിക്ഷേപം നടത്തിയ എം ബി രാജേഷ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. ലക്ഷക്കണക്കിന് രൂപ സബ്സിഡി കുടിശ്ശിക ആയതിനെതിനെത്തുടര്‍ന്ന് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകള്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലപ്പുറം ജില്ലയിലെ സമരത്തിനു പിന്നില്‍ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി. മലപ്പുറം ജില്ലയ്‌ക്കെതിരേ സംഘപരിവാരം നടത്തുന്ന വംശീയ വിദ്വേഷ പ്രചാരണം ഏറ്റുപിടിച്ച എം ബി രാജേഷിന്റെ ദുഷ്ടലാക്ക് ജനം തിരിച്ചറിയണം. തൃത്താല മണ്ഡലത്തില്‍ എം ബി രാജേഷ് വിജയിച്ചത് ആര്‍എസ്എസ്സിന്റെ കൂടി വോട്ട് വാങ്ങിയതാണെന്ന ആരോപണം സാധൂകരക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സിപിഎം നേതാക്കളായ വി എസ് അച്യുതാനന്ദനും വിജയരാഘവനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മലപ്പുറത്തിനെതിരായി നടത്തുന്ന വംശീയാധിക്ഷേപങ്ങളുടെ തുടര്‍ച്ചയാണിത്. മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നതില്‍ സംഘപരിവാരവും സിപിഎമ്മും മല്‍സരിക്കുകയാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയുടെ നാടായ ഷഹീന്‍ബാഗിനെ അധിക്ഷേപിച്ചതും രാജ്യത്ത് വളര്‍ന്നു വരുന്ന വിദ്വേഷ മനസ്ഥിതിയുടെ പ്രകടനമാണ്. ഗ്യാസ് പൈപ് ലൈന്‍ സമരത്തിലും ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും സമരം ചെയ്തവരെ സിപിഎം നേതാക്കള്‍ ആക്ഷേപിച്ചിരുന്നു. ഇത് ആകസ്മികമായ പ്രതികരണങ്ങളല്ല, ഉള്ളില്‍ അടിഞ്ഞുകൂടിയ ദുഷിച്ച ചിന്തയുടെ പുറംതള്ളലാണ്. ഒരു ജില്ലയെ, അവിടുത്തെ സാമൂഹിക ഘടനയുടെ അടിസ്ഥാനത്തില്‍ അധിക്ഷേപിക്കുന്നത് വംശീയതയാണെന്നും എം ബി രാജേഷ് പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും പി ജമീല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *