വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് : എം.വിൻസെന്റ്

Spread the love

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യശ്ശശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്നും, അദ്ദേഹത്തോടുള്ള ആദരവായി തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് തന്നെ നൽകണമെന്ന് എം.വിൻസെന്റ് എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ, ഗ്രീൻ ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച്, സുപ്രീംകോടതി എന്നിവിടങ്ങളിൽ നിരന്തരമായ പോരാട്ടങ്ങൾ നടത്തിയാണ് യുഡിഎഫ് സർക്കാർ ഈ തുറമുഖ പദ്ധതിക്ക് അനുമതി വാങ്ങിയതെന്നും മികച്ച സാമൂഹിക സുരക്ഷാ പാക്കേജ് കൂടെ പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങിയ ആദ്യ ബ്യഹത്ത് പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും എംഎൽഎ പറഞ്ഞു.തുറമുഖത്തിന്റെ അടങ്കൽ തുകയെക്കാൾ അധികം തുകയുടെ അഴിമതി ആരോപിച്ച ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അദ്ദേഹം ഓർമിപ്പിച്ചു. അവസാന കാലഘട്ടത്തിൽ പോലും തുറമുഖത്തിൽ നേരിട്ട് സന്ദർശനം നടത്തുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായി അദ്ദേഹത്തിന്റെ പേരാണ് തുറമുഖത്തിന് ഇടേണ്ടതെന്ന് എം.വിൻസെന്റ് ആവശ്യപ്പെട്ടു. ഈ തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് അവിടെയെത്തിയവരെ കല്ലെറിഞ്ഞവരാണ് ഇന്ന് ഭരണത്തിൽ ഇരുന്ന് കൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ പിതാക്കൻമാരാകാൻ ശ്രമിക്കുന്നതെന്നും നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നാമകരണ ചടങ്ങിന് സ്ഥലം എംഎൽഎയായ തന്നെയോ എം.പിയായ ഡോ.ശശി തരൂരിനെയോ ഉൾപ്പെടുത്തിയിട്ടില്ല എന്നിരുന്നാലും തങ്ങൾക്കതിൽ പരാതിയില്ലെന്നും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ മതിയെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *