എറണാകുളം ടൗണിലെ കുപ്രസിദ്ധനായ മോഷ്ടാവ് പിടിയിൽ
കൊച്ചി: എറണാകുളം ടൗണിലെ കുപ്രസിദ്ധനായ മോഷ്ടാവ് പിടിയിൽ. മാല മോഷണ കേസിലെ പ്രതി ലക്ഷദ്വീപ് സ്വദേശി മുജീബ് റഹ്മാനെ മുളവുകാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിലേറെയായി എറണാകുളം കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പേടി സ്വപ്നം കൂടിയായിരുന്നു ഇയാൾ. പോലീസിനെ ഒരു വർഷമായി ഇയാൾ ചുറ്റിക്കുകയായിരുന്നു. കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളെയായിരുന്നു ഇയാൾ കൂടുതലും ലക്ഷ്യം വെച്ചിരുന്നത്.ടൂ വീലറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടിയിരുന്നു. നിരവധി പേർ പരാതിപ്പെട്ടെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. ലക്ഷ്വദ്വീപ് സ്വദേശിയായ മുജീബ് മാസം അറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന കപ്പൽ ജീവനക്കാരൻ കൂടിയാണ്. കൊച്ചി – ലക്ഷദ്വീപ് യാത്രാ കപ്പലിലെ സീമാനായ മുജീബ് കപ്പൽ അറ്റകുറ്റപ്പണിക്കായി തീരത്തടുക്കുന്ന ദിവസങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ദിവസങ്ങളിൽ ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബൈക്കിൽ നഗരത്തിൽ കറങ്ങും.സന്ധ്യയ്ക്ക് ബോൾഗാട്ടി ജംക്‌ഷനിലെത്തി സ്ത്രീകളെ കാത്തിരിക്കും. ഇവരെ പിന്തുടരും. വെളിച്ചം കുറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ മാല പൊട്ടിക്കും. ഇതായിരുന്നു മുജീബിന്റെ രീതി. കൊങ്ങോർപ്പിള്ളി സ്വദേശിനിയുടെ നാല് പവനുള്ള മാല പൊട്ടിച്ച കേസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയിരുന്നതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.