കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Spread the love

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആറ് പൊലീസുകാരുണ്ടായിട്ടും സംരക്ഷണം നൽകാൻ പൊലീസിനായില്ല. ബസ് ഉടമയുടെ അല്ല ഹൈക്കോടതിയുടെ കരണത്താണ് അടിച്ചത്. ഇതൊരു നാടകം ആണെന്ന ശക്തമായ തോന്നലുണ്ടെന്നു കോടതി പറഞ്ഞു. ‘പോയി ഒന്നു തല്ലിക്കോളൂ.. ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന രീതിയിലായിരുന്നു സംഭവങ്ങൾ.കോടതിയിലും ലേബർ ഓഫിസിലും പരാജയപ്പെടുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെ എല്ലാ ട്രേ‍ഡ് യൂണിയനുകളുടെയും സ്ഥിരം പതിവാണ്. ഹർജിക്കാരനു നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഈ ആക്രമണം. പൊലീസിന്റെ ഭാഗത്തുനിന്നു മനഃപൂർവമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നു വസ്തുതകൾ തെളിയിക്കുന്നെന്നു കോടതി പറഞ്ഞു.മൊബൈൽ ഫോണിൽ സംസാരിച്ചുക്കൊണ്ടിരുന്ന ട്രേഡ് യൂണിയൻ നേതാവ് കെ.ആർ. അജയ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ ഇത് സംഭവിക്കുമെന്നു പൊലീസ് പ്രതീക്ഷിക്കണമായിരുന്നെന്നു കോടതി പറഞ്ഞു. സാധാരണക്കാരെപ്പോലെ പൊലീസിനു പെരുമാറാനാവില്ല. പൊലീസ് സംരക്ഷണം നൽകിയ ആൾക്കു നേരെയാണു ആക്രമണം. കരണത്തടിച്ചതിനുശേഷം പ്രതിയെ കീഴടക്കിയതിൽ എന്തർഥം.കോട്ടയം ഡിവൈഎസ്പിയോട് അന്വേഷണം നടത്താൻ നിർദേശിച്ചെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അന്വേഷണം നടത്തിയ ഡിവൈഎസ്പിയും സ്റ്റേഷൻ ഹൗസ് ഓഫിസറും സത്യവാങ്മൂലം നൽകണം. ഇരുവരും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് എൻ.നഗരേഷ് നിർദേശിച്ചു.പൊലീസ് സംരക്ഷണം തേടി ബസുടമകളായ മിനിക്കുട്ടിയും ഭർത്താവ് രാജ്മോഹനും നൽകിയ ഹർജിയിൽ ഹൈക്കോടതി ഒരു മാസത്തേക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിട്ടിട്ടും ബസുടമ ആക്രമണത്തിനിരയായി എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *