ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനും ആലോചിക്കുന്നില്ല. നിയമം ഉടനെ നടപ്പാക്കാൻ പോവുകയാണെന്നും, എപ്പോൾ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുപ്രീംകോടതി അടക്കം നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം കാരണം ഏക വ്യക്തിനിയമം നടപ്പാക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. എന്നാൽ കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എല്ലായിടത്തും നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.അതേസമയം പാർട്ടി അവസരം നൽകിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുർ സംഭവത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.