ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമവുമായി തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: രണ്ടായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമവുമായി തമിഴ്നാട് വനം വകുപ്പ്. തിരുനെൽവേലി ഊത്ത് എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ജനവാസ കേന്ദ്രത്തിൽ നിന്ന് മാറാതെ തുടരുന്ന അരിക്കൊമ്പനെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്.തമിഴ്നാട്ടിലെ മഞ്ചോല ഊത്ത് പത്താം കാട്ടിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. ആനയുടെ ഏറ്റവും പുതിയ ചിത്രം തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാരം നിരോധിച്ചു. ആനയുടെ കാൽപ്പാട് കണ്ടതോടെ ഊത്ത് സ്കൂളിന് അവധി നൽകി.കഴിഞ്ഞ ദിവസം നാലുമുക്കിൽ എത്തിയ അരിക്കൊമ്പൻ പ്രദേശത്തെ കൃഷി നശിപ്പിക്കുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളിക്ക് സമീപമുണ്ടായിരുന്ന മരം തകർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് ഓഫീസർ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആന കേരള അതിർത്തിയുടെ സമീപം എത്തിയെന്ന വാർത്ത ശരിയല്ല. കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടില്ല. ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.കാട്ടാനകളുടെ സാധാരണ ഭക്ഷണ രീതികളിലേക്ക് അരിക്കൊമ്പൻ മാറി. അരിക്കുവേണ്ടി ആന ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി കൂട്ടിച്ചേർത്തു. തമിഴ്നാട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മഞ്ചോല എസ്റ്റേറ്റിൽ എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യവും നാശനഷ്ടവും ഉദ്യോഗസ്ഥർ വിലയിരുത്തും. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്.ഊത്ത് ഏസ്റ്റേറ്റിലെ പത്താം കാട്ടിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രമാണ് തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടത്. ചെറിയ തോതിൽ അക്രമാസക്തനാകുന്ന ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയാനായി വലിയ സംഘത്തെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എൺപതോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന് മദപ്പാട് ഉണ്ടെന്ന സൂചനകളെത്തുടർന്ന് മൃഗഡോക്ടർമാരുടെ സാന്നിധ്യവും സംഘത്തിലുണ്ട്.