ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺ​ഗ്രസ് അകലുന്നു :ബം​ഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺ​ഗ്രസ് തനിച്ച് മത്സരിക്കും

Spread the love

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺ​ഗ്രസ് അകലുന്നു. പശ്ചിമ ബം​ഗാളിലെ 42 ലോക്സഭാ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജി വ്യക്തമാക്കി. കോൺ​ഗ്രസുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് തൃണമൂൽ നേതാക്കളുടെ യോ​ഗത്തിൽ മമത നിലപാട് വ്യക്തമാക്കിയത്. ഇതോടെ പശ്ചിമ ബം​ഗാളിൽ പ്രധാന പാർട്ടിയായ തൃണമൂൽ ഇല്ലാതെയാകും ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുക എന്നുറപ്പായി.കോൺ​ഗ്രസുമായി സീറ്റ് ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് മമത നിലപാട് വ്യക്തമാക്കിയത്. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകൾമാത്രം കോൺഗ്രസിന് വിട്ടുനൽകാമെന്നായിരുന്നു മമതയുടെ നിലപാട്. രണ്ട് സിറ്റിങ് സീറ്റുകൾ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലെ മുകുൾ വാസ്നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂൽ അടക്കമുള്ള കക്ഷികളുമായി ചർച്ചകൾ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്‌ യാത്രയും അടുത്ത ദിവസം ബംഗാളിലെത്തും.ഇന്ത്യ മുന്നണിയുടെ യോഗങ്ങളെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് മമത പാർട്ടി യോഗത്തിൽ തുറന്നടിച്ചു. കോൺഗ്രസ് സി.പി.എമ്മിന് കീഴടങ്ങിയെന്ന് തൃണമൂൽ വൃത്തങ്ങൾ പറയുന്നു. അതേസമയം, ബംഗാളിൽ മമതയുമായി യോജിപ്പിനില്ലെന്ന് സി.പി.എം. നേരത്തേ വ്യക്തമാക്കി.മുന്നണി യോഗങ്ങളിലെല്ലാം കോൺഗ്രസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്നും ഇത് ഖേദകരമാണെന്നും പാർട്ടിയോഗത്തിൽ മമത പറഞ്ഞു. താൻ അപമാനിതയായി. 34 വർഷം സി.പി.എമ്മിനെതിരേ പോരാടിയ തനിക്ക് അവരുടെ ഉപദേശം കേൾക്കേണ്ട കാര്യമില്ല.300 സീറ്റുകളിൽ തനിച്ച് മത്സരിക്കാനും അവശേഷിക്കുന്ന സീറ്റുകൾ സ്വാധീനമുള്ള പ്രാദേശിക കക്ഷികൾക്ക് കൈമാറാനും താൻ നിർദേശിച്ചെങ്കിലും തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചതെന്ന് പിന്നീട് കൊൽക്കത്തയിലെ പൊതുറാലിയിൽ മമത ആരോപിച്ചു. ഇത് ബി.ജെ.പി.ക്ക് സഹായകമാകും. ഇതാരും പൊറുക്കില്ലെന്നും കോൺഗ്രസിനോടെന്ന മട്ടിൽ മമത പറഞ്ഞു. ബംഗാളിൽ ഒരു സീറ്റിൽപോലും ബി.ജെ.പി. ജയിക്കാതിരിക്കാൻ രക്തംചിന്താനും തയ്യാറാണ്. ബാബറി സംഭവത്തിനുശേഷം കൊൽക്കത്ത കത്തുമ്പോൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ നേരിൽക്കണ്ട് സഹായം വാഗ്ദാനം ചെയ്തത് മറക്കരുതെന്നും മമത ഓർമിപ്പിച്ചു.ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് മമത ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തിരിച്ചടിച്ചു. ബി.ജെ.പി.ക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിനു മുന്നിട്ടിറങ്ങുന്ന ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനാണ് മമതയുടെ നീക്കം. സീറ്റുകളിൽ മാത്രമാണ് അവർക്ക് താത്പര്യമെന്നും മുഹമ്മദ് സലിം പറഞ്ഞു. മമതയുടെ യഥാർഥമുഖം നേരത്തേ കണ്ടതാണെന്നും അവരെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചിയും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *