അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. 10 ദിവസം ദിവസമാണ് കസ്റ്റഡിയിൽ വയ്ക്കാൻ അനുമതി.പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്. ഓഗസ്റ്റ് 10 വരെ പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് കേസിൽ കൂടുതൽ വിവരം ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.കേരളത്തിൽ മൊബൈൽ മോഷണ കേസിൽ ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിർമ്മാണ ജോലിക്ക് പോയിരുന്നത് അപൂർവ്വമായി മാത്രമാണെന്നും പൊലീസ് പറയുന്നു.കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.പ്രതിയുടെ ക്രമിനിൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തിൽ നിന്നുള്ള സംഘം വരും ദിവസം ബിഹാറിൽ അടക്കം പോകും.അസഫാക് ആലത്തിന്‍റെ തിരിച്ചറിയൽ പരേഡ് ഇന്ന് പൂർത്തിയായിരുന്നു. കുട്ടിയുമായി സഞ്ചരിച്ച കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ സന്തോഷ്, യാത്രക്കാരി സ്മിത, ആലുവ മാർക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, എന്നിവർ ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ അച്ഛനടക്കം ഉന്നയിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.