വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനും സിഎംആര്‍എല്ലിനും എതിരായ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ ഉടൻ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനും സിഎംആര്‍എല്ലിനും എതിരായ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍. എക്‌സാലോജിക്കില്‍ നിന്നും സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും അടുത്തയാഴ്ച തന്നെ വിശദാംശങ്ങള്‍ തേടും. 3 കമ്പനികളുടെയും ഇടപാടുകള്‍ വിശദമായി പരിശോധിക്കും.കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആര്‍ഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുക്കുന്നത്. എക്‌സലോജിക്കും സിഎംആര്‍എല്ലിനും പുറമെ കെഎസ്‌ഐഡിസിയും റഡാറിലാണ്.എക്‌സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ സിഎംആര്‍എല്ലുമായി ബന്ധപെട്ട് പറയുന്ന ഇടപാടുകളില്‍ എല്ലാം അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണ് ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലെഒരാവശ്യം. കമ്പനികാര്യ ചട്ടങ്ങളില്‍ ഗുരുതത ക്രമക്കേടുകള്‍ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാല്‍, എസ്എഫ്‌ഐഒക്ക് ഈ ഇടപാടുകള്‍ വിശദമായി പരിശോധിക്കാം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ് വിവരം. കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ മുതിര്‍ന്ന ആറ് ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍ മാക്‌സിസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറാക്ടാര്‍ എം.അരുണ്‍ പ്രസാദാണ് ഈ കേസിലും അന്വേഷണ ഉദ്യോഗസ്ഥന്‍. ചെന്നൈ റീജിയണല്‍ ഓഫീസ് തലവന്‍ എന്ന നിലയിലാണ് അരുണ്‍ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നാണ് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയ വൃത്തം പറയുന്നത്. എന്നാല്‍ ഗുരുതരമായ ക്രമക്കേടുകള്‍ എന്നതിന് അപ്പുറം, കേസിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ആറ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത് എന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *