ജലാശയങ്ങളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾക്ക് : ഒരു വർഷം തടവും 50,000 രൂപ പിഴയും

Spread the love

തിരുവനന്തപുരം: ജലാശയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരുവർഷം വരെ തടവും ആക്കിക്കൊണ്ടുള്ള 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ടു.തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങള്‍ നല്‍കാനും ഭേദഗതി ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശികയായി കണക്കാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂർണമായും തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിക്ഷിപ്തമാണെന്ന് ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു. യൂസർ ഫീസ് അടച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള മറ്റ് സേവനങ്ങള്‍ തടയാൻ സെക്രട്ടറിമാർക്ക് അധികാരമുണ്ടെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഓരോരുത്തരും ഉത്പാദിപ്പിക്കുന്ന മാലിന്യം അവരവരുടെതന്നെ ഉത്തരവാദിത്വമാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. ബോധവത്കരണം കൊണ്ടുമാത്രം മാറ്റം സൃഷ്ടിക്കാൻ കഴിയില്ല. കർശനമായ നടപടികള്‍ കൂടി സ്വീകരിക്കേണ്ടി വരും. ഹരിത കർമസേനയ്ക്കുള്ള യൂസർഫീസ് ഒഴിവാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂസർഫീസും അജൈവ മാലിന്യങ്ങള്‍ വില്‍ക്കുന്നത് വഴി ലഭിക്കുന്ന തുകയും മാത്രമാണ് ഹരിത കർമസേനയ്ക്കുള്ള വരുമാനം. യൂസർ ഫീസ് നല്‍കുക എന്നത് മാലിന്യ ഉത്പാദകരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂസർ ഫീസ് അടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശികയായി കണക്കാക്കി മറ്റ് സേവനങ്ങള്‍ തടയുന്നത് പഞ്ചായത്ത് ആക്ടിന്‍റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *