നമിതയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

മൂവാറ്റുപുഴ: നിര്‍മല കോളജിലെ ബിരുദവിദ്യാര്‍ഥിനി ആയിരുന്ന നമിതയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ വെച്ച് ആൻസൻ നമിതയെയും സഹപാഠി അനുശ്രീയെയും ഇടിച്ചുതെറിപ്പിച്ചത്. നമിത അന്ന് തന്നെ മരണപ്പെട്ടു. അനുശ്രീയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പ്രതിയായ ആൻസണും പരിക്കുകൾ ഏറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പൊലീസ് ആൻസനെ പകൽ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല. അപകടത്തിൽ പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർഥിനി അനുശ്രീ ആശുപത്രി വിട്ടു. ചികിത്സയിൽ കഴിയവേ അനുശ്രീ രാജിനെ നമിതയുടെ വേര്‍പാട് അറിയിച്ചിരുന്നില്ല. ഇരുവരും ഒരുമിച്ച് റോഡിന് കുറുകെ മുറിച്ചുകടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനുശ്രീ റോഡിലേക്ക് തെറിച്ചുവീഴുകയും നമിത ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങി വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *