പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കെ റെയില്‍, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചേക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. വിവിധ പദ്ധതികള്‍ക്കുള്ള വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.അതേസമയം, ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.