നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നു; ചിറയന്‍കീഴില്‍ നാടോടികള്‍ പിടിയില്‍

Spread the love

തിരുവനന്തപുരം : നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് പൊലീസിന്റെ സംശയം.നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. തമിഴ്‌നാട്ടിലെ വടശേരിയില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. ഏറനാട് എക്‌സ്പ്രസ്‌ ട്രെയിനിലാണ് പ്രതികള്‍ കുട്ടിയുമായി കടന്നു കളഞ്ഞതെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിയെടുത്തത് എന്ന നിഗമനത്തില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച് കേരളത്തിലെ ആരാധനാലയങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, ചിറയന്‍കീഴ് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ പട്രോളിങ്ങിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി തമിഴ്‌നാട് പൊലീസിന് കൈമാറുകയും ചെയ്തു.തമിഴ്‌നാട് പൊലീസാണ് വടശേരിയില്‍ നിന്നും കാണാതായ കുട്ടിയാണിതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുട്ടിയുമായി സ്റ്റേഷനിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കുട്ടിയെ വളര്‍ത്താനാണ് കൊണ്ടു വന്നതാണെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയേയും പ്രതികളേയും ചിറയന്‍കീഴ് പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *