വടശ്ശേരിക്കരയിലെ 23 കാരന്‍ സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന്‍ സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്‍റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ ആരോപണം. കേസ് അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.ഒക്ടോബർ ഒന്നിന് രാത്രി സുഹൃത്തിനൊപ്പം പോയ സംഗീത് സജിയെ കാണാതാവുകയായിരുന്നു. 17 ശേഷം കിലോമീറ്ററുകൾ അകലെയുള്ള ആറന്മുള സത്രക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടുമ്പോൾ കൈകാലുകൾക്ക് ഒടിവ് ഉണ്ടായിരുന്നു. വെള്ളത്തിൽ തലയടിച്ചു വീണ പരിക്കുകളില്ല. മുഖത്തും നെറ്റിയിലുമായിരുന്നു മുറിവുകള്‍. ഇതെല്ലാം സംശയങ്ങളായി കുടുംബം ഉന്നയിക്കുന്നു. സംഗീതിനെ വിളിച്ചുകൊണ്ടുപോയ പ്രദീപിനെ ഇതുവരെ പൊലീസ് വിശദമായി ചോദ്യംചെയ്തിട്ടില്ലെന്നാണ് അമ്മ പറയുന്നത്.എന്നാൽ, ഓട്ടോറിക്ഷയിൽ തനിക്കൊപ്പം വന്ന സംഗീതിനെ ഇടത്തറ ജംഗ്ഷനിൽ വെച്ച് കാണാതായെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് പ്രദീപ് പൊലീസിനോട് ആവർത്തിക്കുന്നത്. ആരോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടെന്ന് കട ഉടമയും പറയുന്നുണ്ട്. സംഗീതിന്‍റേത് മുങ്ങിമരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും കേസിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് അറിയിച്ചു.