മണിപ്പുരിൽസേനാ ക്യാംപ് കൊള്ളയടിക്കാൻ ശ്രമം
മണിപ്പുരിൽ ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയന്റെ (ഐആർബി) ക്യാംപ് കൊള്ളയടിച്ച് ആയുധങ്ങൾ കവരാൻ ശ്രമിച്ച സായുധരായ ജനക്കൂട്ടത്തിനു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അസം റൈഫിൾസിന്റെ ജവാൻ ഉൾപ്പെടെ ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്.തൗബാലിൽ ഇന്നലെ ഉച്ചയ്ക്കാണ് വൻ സംഘർഷമുണ്ടായത്. ജില്ലയിലെ ഖങ്കാബോക്കിലെ തേഡ് ഐആർബി ബറ്റാലിയന്റെ ക്യാംപിനു നേരെ നൂറുകണക്കിന് വരുന്ന ജനക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. ക്യാംപിലെ ആയുധങ്ങൾ കവരാനായിരുന്നു മെയ്തെയ് ജനക്കൂട്ടത്തിന്റെ ശ്രമം. കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. ജനക്കൂട്ടം യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിവയ്പ് ആരംഭിച്ചതോടെ അസം റൈഫിൾസ് തിരിച്ചു വെടിവച്ചു. 27 വയസ്സുള്ള മെയ്തെയ് യുവാവാണ് കൊല്ലപ്പെട്ടത്.ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപായി ഇവിടേക്കുള്ള റോഡുകൾ മുഴുവൻ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം തടഞ്ഞിരുന്നു. സൈനികർ ക്യാംപിന്റെ രക്ഷയ്ക്കായി എത്തുന്നത് തടയാനായിരുന്നു ഇത്. തടസ്സങ്ങൾ നീക്കി ക്യാംപിന്റെ രക്ഷയ്ക്കായി എത്തിയ അസം റൈഫിൾസിനു നേരെയും അക്രമികൾ വെടിവച്ചു. ജവാന്റെ കാലിനാണ് വെടിയേറ്റത്. അസം റൈഫിൾസ് വാഹനം അക്രമികൾ തീയിട്ടു നശിപ്പിച്ചു.ആയുധങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഐആർബി അറിയിച്ചു. നേരത്തേ പൊലീസിന്റെ ആയുധപ്പുരയിൽ നിന്ന് അയ്യായിരത്തോളം യന്ത്രത്തോക്കുകളും 5 ലക്ഷം വെടിയുണ്ടകളും മെയ്തെയ് വിഭാഗക്കാർ കവർന്നിരുന്നു. ഇതിൽ ആയിരത്തിൽ പരം തോക്കുകൾ മാത്രമാണ് തിരികെ ലഭിച്ചത്.2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ഇംഫാലിൽ അക്രമം നടക്കുന്നത്. വിവിധ ജില്ലകളിൽ കർഫ്യുവിന് ഇളവ് നൽകിയിരുന്നു. ഗോത്ര വിഭാഗങ്ങൾ ദേശീയപാത ഉപരോധം പിൻവലിച്ചു. ഇന്ന് സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും കുട്ടികൾ എത്തുമോ എന്ന് ഉറപ്പില്ല.കുക്കി നാഷനൽ ഓർഗനൈസേഷൻ വക്താവ് ഡോ.സെയ്‍ലൻ ഹാവോകിപിന്റെ ചുരാചന്ദ്പുരിലെ വീടിന് ഒരു സംഘം തീയിട്ടു. കഴിഞ്ഞ ദിവസം ദേശീയപാതയിലെ ഉപരോധം പിൻവലിക്കുന്നതിന് നേതൃത്വം നൽകിയ സംഘടനയാണ് കെഎൻഒ. മെയ്തെയ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വീടുകൾക്ക് മെയ്തെയ്കൾ തന്നെ തീയിട്ടെങ്കിലും ആദ്യമായിട്ടാണ് കുക്കി നേതാവിന്റെ വീട് കുക്കികൾ ആക്രമിക്കുന്നത്.