സംസ്ഥാനത്ത് ഇന്ന് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് ജൂലായ് തുടക്കം മുതൽ കാലവർഷം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലയുടെ വേഗത സെക്കന്റിൽ 47 സെന്റീമീറ്ററിനും, 62 സെന്റീമീറ്ററിനും ഇടയിലാകാനാണ് സാധ്യത. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.