നാഥന്റെ മാർഗത്തിലുള്ള സ്വയംസമർപ്പണത്തിന്റെ സന്ദേശമോതി ഇന്ന് ബലിപെരുന്നാൾ
തിരുവനന്തപുരം: നാഥന്റെ മാർഗത്തിലുള്ള സ്വയംസമർപ്പണത്തിന്റെ സന്ദേശമോതി ഇന്ന് ബലിപെരുന്നാൾ. മാനവ ചരിത്രത്തിലെ അത്യുജ്ജ്വല ഓർമ പുതുക്കുന്ന ആഘോഷം. ഇബ്‌റാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ആത്മാർപ്പണത്തിന്റെ ജീവചരിത്രമാണ് ഈദുൽ അസ്ഹ ഓർമപ്പെടുത്തുന്നത്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് ബലിപെരുന്നാളിന്റെ കാതൽ.വിശ്വാസിലക്ഷങ്ങൾ ബലിപെരുന്നാളിനെ നെഞ്ചകത്തേറ്റുമ്പോൾ വീടുകളും പള്ളികളും തക്ബീർ ധ്വനികളാൽ മുഖരിതമാകുന്നു. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും കുടുംബങ്ങളിൽ ബന്ധം ഊട്ടിയുറപ്പിച്ചും അയൽവീടുകളിൽ സന്ദർശനം നടത്തിയും വിശ്വാസികൾ പെരുന്നാളിന്റെ പുണ്യം കരസ്ഥമാക്കുന്നു. രാവിലെ പെരുന്നാൾ നിസ്‌കാരം നിർവഹിച്ച് ബലിപെരുന്നാളിന്റെ പ്രധാന കർമമായ ഉളുഹിയ്യത്തിലും വിശ്വാസികൾ പങ്കാളികളാകുന്നു. സ്‌നേഹം കൈമാറി പരസ്പരം സാഹോദര്യം പുലർത്താനുള്ള അസുലഭ മുഹൂർത്തമാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. സഊദി അറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാൾ.പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.