സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്കുള്ള സീറ്റ് ബെൽറ്റ് വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോർട്ട്

Spread the love

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്കുള്ള സീറ്റ് ബെൽറ്റ് വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോർട്ട്. ട്രാൻസ്പോർട്ട് ബസ്, ലോറി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രൈവർമാർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്. രണ്ട് സീറ്റ് ബെൽറ്റിനും കൂടി ശരാശരി 1000 രൂപ കണക്കാക്കുമ്പോൾ കമ്പനികളുടെ പോക്കറ്റിലേക്ക് 107.5 കോടി രൂപയാണ് ഒഴുകുന്നത്. എആർഐ സർട്ടിഫിക്കേഷൻ ഉള്ള സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയാൽ, 215 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയിൽ നടക്കുക. എആർഐ സർട്ടിഫിക്കേഷനുള്ള സീറ്റ് ബെൽറ്റുകൾക്ക് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വില.എഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കി തുടങ്ങിയ ശേഷം നടന്ന ആദ്യ അവലോകന യോഗത്തിലാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്ന് മുതലാണ് സീറ്റ് ബെൽറ്റ് ഇല്ലാത്ത ഹെവി വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കി തുടങ്ങുക. ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിരവധി തവണ ഐഎ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നതിനാൽ, ഓരോ ദൃശ്യത്തിനും വെവ്വേറെ പിഴ ഈടാക്കുന്നതാണ്.അടുത്ത ഘട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾക്ക് കൂടി സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയേക്കും. ഇതോടെ, സീറ്റ് ബെൽറ്റ് വിൽപ്പന വീണ്ടും ഉയരുന്നതാണ്. എഐ ക്യാമറ ഉപയോഗിച്ചും അല്ലാതെയും വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുൻപന്തിയിൽ.

Leave a Reply

Your email address will not be published. Required fields are marked *