ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Spread the love

തിരുവനന്തപുരം: ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തില്‍ തിരുവനന്തപുരം കിളമാനൂരിൽ പ്രവർത്തിക്കുന്ന SMAC ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പത്തോളം വിദ്യാർത്ഥികൾ പരാതിയുമായി കിളമാനൂർ പൊലീസിനെ സമീപിച്ചത്. എന്നാൽ, പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു.രാജീവ് ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കർണ്ണാടക കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോളേജിൽ അഡ്മിഷൻ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ SMAC ശാഖാ 2022ലാണ് ഇവിടുത്തെ 10 വിദ്യാർത്ഥികൾക്ക് വ്യാജ അഡ്മിഷൻ ലെറ്റർ നൽകിയത്. അഡ്മിഷൻ ഫീ ഇനത്തിൽ 65,000 രൂപയോളം ഇവർ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തി.എന്നാൽ, തട്ടിപ്പ് മനസ്സിലായതോടെ വിദ്യാർത്ഥികൾ കിളിമാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കർണ്ണാടക കോളേജിന് പകരം കോളേജിന്റെ മറ്റൊരു കേന്ദ്രമായ ഫാദർ മാത്യുസ് കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റി അഡ്മിഷൻ പട്ടികയിൽ പേരുമുണ്ടായിരുന്നില്ല. കോളേജിന് അംഗീകാരമില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസിലായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തട്ടിപ്പ് മനസ്സിലായ വിദ്യാർത്ഥികൾ ഇതോടെയാണ് നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *