പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം. സംഭവത്തില്‍ കാപ്പ കേസ് പ്രതി ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളി കോളനിക്ക് സമീപത്ത് വച്ചാണ് ഗുണ്ടാ സംഘങ്ങൾ വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടിയത്.മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പന ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം വാക്കേറ്റത്തിൽ തുടങ്ങി, പിന്നീട് പരസ്പരം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.പൊലീസ് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അഞ്ച് പേരെ സംഭവം സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. അലക്സ് എം ജോർജ്, ജോൺസൺ, സച്ചിൻ, വിഷ്ണുകുമാർ, ഷിബു തോമസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ അലക്സ് എം ജോർജ് കാപ്പ കേസ് പ്രതിയാണ്.